Saturday, January 22, 2011

കലോത്സവവേദികളിലെ 'ചാനല്‍ പോരാട്ടം'






കോട്ടയം: 17 വേദികളിലായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടവീര്യം മുറുകുമ്പോള്‍ , ഒന്നാം നമ്പര്‍ വേദിക്കുസമീപം ആരോഗ്യപരമായ മറ്റൊരു പോരാട്ടവും നടക്കുന്നു. ചാനലുകള്‍ തമ്മിലുള്ള ഈ മത്സരം , കലോത്സവം നേരിട്ട് ആസ്വദിക്കുവാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഒരനുഗ്രഹമാകുകയാണ്.

   







 പോലീസ് പരേഡ് ഗ്രൗണ്ടിലുള്ള പ്രധാനവേദിയുടെ സമീപമാണ് ദൃശ്യമാധ്യമങ്ങളുടെ പവലിയനുകള്‍ തയ്യാറാക്കിയിട്ടുള്ളത്. താത്ക്കാലിക സ്റ്റുഡിയോകള്‍ എന്നു തന്നെ ഇവയെ വിളിക്കാം. ഓപ്പ‌ണെയര്‍ സ്റ്റേജ് പോലുള്ള ഈ സ്റ്റുഡിയോകള്‍ കലോത്സവം തുടങ്ങിയനാള്‍ മുതല്‍ ഏതാണ്ട് 24 മണിക്കൂറും പ്രവര്‍ത്തനനിരതമാണ്.
   







വിശിഷ്ടാതിഥികളെയും മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്‍മാരേയും ഈ വേദികള്‍ കാത്തിരിക്കുന്നു. ഇവരെ ഇവിടെ എത്തിക്കുവാനുള്ള ചാനലുകാരുടെ നെട്ടോട്ടം കലോത്സവവേദിയിലെ രസമുള്ള ഒരു കാഴ്ചയാണ്.
   





വേദികളിലെ ഓരോ ചലനവും ക്യാമറാകണ്ണുകള്‍ ഒപ്പിയെടുക്കുന്നു. സ്റ്റേജിലെ അവതരണം മാത്രമല്ല...  ഉറക്കംതൂങ്ങുന്നതും കോട്ടവായ് ഇടുന്നതുംവരെ രസമുള്ള ചാനല്‍ കാഴ്ചകളായി പ്രത്യക്ഷപ്പെടുന്നു. പലരും, തങ്ങള്‍ 'ടി.വി. താരങ്ങളായെന്ന' വാര്‍ത്തയറിയുന്നത് സുഹൃത്തുക്കളും ബന്ധുജനങ്ങളും വിളിച്ചറിയിക്കുമ്പോഴാണ്.
   


സാധാരണക്കാര്‍ക്കു പ്രാപ്യമല്ലാത്ത സ്റ്റുഡിയോ കാഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് ദൃശ്യമാക്കപ്പെടുന്ന വേദികൂടിയായി ഈ ചാനല്‍ പവലിയനുകള്‍ മാറുന്നു. ക്യാമറയും ഷൂട്ടിംഗും ടി.വി. താരങ്ങളും സിനിമാതാരങ്ങളും തൊട്ടുമുന്‍പിലെത്തുമ്പോള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുന്നവരുടെ എണ്ണവും ചെറുതല്ല. പവലിയനു മുന്‍പിലെ കാണികളിലേക്ക് ക്യാമറ നീങ്ങുമ്പോള്‍, വീട്ടുകാരെയും സുഹൃത്തുക്കളെയും മൊബൈല്‍ ഫോണില്‍ വിളിച്ച് , തങ്ങളെ ഇപ്പോള്‍ ടി.വി.യില്‍ കാണാം എന്നറിയിക്കുന്നവര്‍  നിരവധി. ചുരുക്കത്തില്‍ ടി.വി. പ്രേഷകര്‍ക്കും വേദികളില്‍ സദസ്യരായി എത്തുന്നവര്‍ക്കും ഒരുപോലെ വിരുന്നായി ഈ 'ചാനല്‍ കാഴ്ചകള്‍'.

സംസ്ഥാന കലോത്സവ വേദിയിലെ ചില കൗതുകക്കാഴ്ച്ചകള്‍ പൂഞ്ഞാര്‍ ന്യൂസിന്റെ ക്യാമറാക്കണ്ണിലൂടെ..

ഞങ്ങള്‍ റെഡി.. പത്രക്കാരെവിടെ..? ഒരു പ്രമുഖ ദിനപ്പത്രം പ്രഖ്യാപിച്ചിരുന്ന സമ്മാനം ലക്ഷ്യമാക്കി നീലവസ്ത്രമണിഞ്ഞ് നീലക്കുടയും ചൂടി തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍. ദൗര്‍ഭാഗ്യവശാല്‍ പത്രക്കണ്ണുകള്‍ക്ക് ഇവരെ കണ്ടെത്താനായില്ല.
ശബ്ദം ശബ്ദമാനമായപ്പോള്‍.. നാടക വേദിയില്‍ ശബ്ദക്രമീകരണത്തിലുണ്ടായ പാളിച്ച ചെറിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചപ്പോള്‍ 
ഇടവേളയില്‍ അല്‍പ്പവിശ്രമം.. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും വിശ്രമം തേടുന്ന ചാനല്‍ പ്രവര്‍ത്തകര്‍.
ഒരു ചാനലിന്റെ ഓപ്പണെയര്‍ സ്റ്റുഡിയോയില്‍ അതിഥിയായി സിനിമാതാരം കൃഷ്ണകുമാര്‍ എത്തിയപ്പോള്‍..
എല്ലാം ചാനല്‍ മയം.. ടി.വി.ചാനലുകളും അവതാരകരും , വേദിയില്‍ നാടക വിഷയമായും പ്രത്യക്ഷപ്പെട്ടു. 'പച്ചമേഘങ്ങളുടെ ഗ്രാമം' എന്ന ഈ നാടകത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കസ്തൂരിയാണ് മധ്യത്തില്‍.
കണ്ണേ മടങ്ങുക.. ബാല വേലയ്ക്കും ബാല ഭിക്ഷാടനത്തിനുമെതിരേയുള്ള ഫോട്ടോ പ്രദര്‍ശനശാലയില്‍നിന്ന്..
എങ്ങനെയുണ്ട് ഞങ്ങളുടെ ഈ ഭാവം.. സംഘനൃത്ത വേദിയിലെ ഒരു കാഴ്ച്ച.
കാണികളില്ലെന്നോ..! ആദ്യ ദിനങ്ങളില്‍ ശൂന്യമായിരുന്ന സദസിന് നാലു ദിവസം പിന്നിട്ടപ്പോള്‍ മാറ്റം സംഭവിച്ചു. വെള്ളിയാഴ്ച്ച മുതല്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

ആരറിയുന്നു ഈ പൂക്കാരിപ്പെണ്ണിന്റെ വേദനകള്‍.. നാടോടിനൃത്ത വേദിയില്‍ നിന്ന്..


Thursday, January 20, 2011

ഊട്ടുപുരയാണു താരം .. 'പഴയിടവും..'


കോട്ടയം: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത് 17 വേദികളിലാണെങ്കിലും ദിവസവും ഈ വേദികളെല്ലാം മറ്റൊരിടത്ത് സംഗമിക്കുന്നു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍.
എല്ലാ വേദികളില്‍ നിന്നും മത്സരാര്‍ത്ഥികളും അദ്ധ്യാപകരും ജഡ്ജസും മാധ്യമ പ്രവര്‍ത്തകരും ക്രമസമാധാന പാലകരും , ദിവസം മൂന്നു പ്രാവിശ്യമെങ്കിലും ഇവിടെ എത്തിച്ചേരുന്നു. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നവരുടെ എണ്ണം 15,000 - നും 16,000 -നും ഇടയില്‍. പ്രാതലിന്റെയും അത്താഴത്തിന്റെയും കാര്യത്തിലും വലിയ മാറ്റങ്ങളില്ല. ഭക്ഷണമൊരുക്കുന്നവരും അത് വിളമ്പി സജ്ജീകരിക്കുന്നവരും ഒരു പോലെ അഭിനന്ദനമര്‍ഹിക്കുന്നു.
        ഭക്ഷണവിതരണത്തിനായി നെഹ്റു സ്റ്റേഡിയത്തില്‍ രണ്ടു പന്തലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു പന്തല്‍ പൂര്‍ണ്ണമായും മത്സരാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി തയ്യാറാക്കിയിരിക്കുന്നുവെങ്കില്‍ രണ്ടാം പന്തല്‍ V.I.P.പന്തലാണ്. വിശിഷ്ടാതിഥികള്‍, ജഡ്ജസ്, മാധ്യമപ്രവര്‍ത്തകര്‍, ക്രമസമാധാന പാലകര്‍ തുടങ്ങിയവരാണ് ഇവിടെ ഭക്ഷണത്തിനായി എത്തുന്നത്. ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ രണ്ടു പന്തലുകളുടെയും മധ്യത്തില്‍ പാചകപ്പുരയും കലവറയും പ്രവര്‍ത്തിയ്ക്കുന്നു.
        കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഊട്ടുപുരയുടെ പ്രധാന ചുമതലക്കാരനാണ് പഴയിടം മോഹനന്‍ നമ്പൂതിരി.
പഴയിടം മോഹനന്‍ നമ്പൂതിരി
കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയായ ഇദ്ദേഹം , ഇത്തവണ സ്വന്തം നാട്ടില്‍ സദ്യ ഒരുക്കുവാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കലോത്സവത്തിന്റെ രണ്ടാം ദിവസമാണ് പൂഞ്ഞാര്‍ ന്യൂസ് റിപ്പോര്‍ട്ടമാര്‍ അദ്ദേഹത്തെ  കണ്ടുമുട്ടിയത്.  ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഊട്ടുപുര ഭംഗിയായി പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുകാണാമായിരുന്നു. വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.
ഭക്ഷണം കഴിച്ചിറങ്ങുന്നവരുടെ മുഖത്തു ഈ സന്തോഷം ഉളവാക്കുവാന്‍ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
   
      ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍ക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രാവിലെ 11-ന് ആരംഭിക്കുന്ന ഉച്ചഭക്ഷണ വിതരണം വൈകുന്നേരം 4 മണിവരെ തുടരുമ്പോള്‍ ഒരിയ്ക്കല്‍ പോലും തിരക്കുണ്ടാകാത്ത വിധം 16,000 ആളുകള്‍ ഇവിടെ ഭക്ഷണം കഴിച്ചിറങ്ങുന്നു എന്നത് ഇവരുടെ ചിട്ടയായ പ്രവര്‍ത്തനമികവിന്റെ തെളിവാണ്. അതെ.... ഇവിടെ ഊട്ടുപുരയാണ് താരം......പഴയിടവും....

Saturday, January 8, 2011

ഭക്തിയുടെ നിറവില്‍ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍

    പൂഞ്ഞാര്‍ : ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന നാല്‍പതുമണിയാരാധനയും വി. കൊച്ചുത്രേസ്യായുടെയും,വാഴ്ത്തപെട്ട ചാവറയച്ചന്റെയും തിരുനാളും 2010 ഡിസംബര്‍ 31 മുതല്‍ 2011 ജനുവരി 9 വരെയുള്ള തീയതികളില്‍ ആഘോഷിച്ചു.
       തിരുനാളിനൊരുക്കമായി നൊവേന ഡിസംബര്‍ 31-ന് ആരംഭിച്ചു.ജനുവരി 5,6,7 തീയതികളില്‍ നാല്‍പതുമണിയാരാധാനയും 8,9 തീയതികളില്‍ പ്രധാനതിരുനാളും നടത്തപ്പെട്ടു.


       ജനുവരി 8 ശനിയാഴ്ച്ച വൈകിട്ട്  4.30-നള്ള ആഘോഷമായ വി. കുര്‍ബാനയും നൊവേനയും നവ വൈദികനായ ഫാ. ഡൈനോ മങ്ങാട്ടുകുന്നേല്‍, C.S.T.-യുടെ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ആശ്രമദൈവാലയത്തില്‍ നിന്ന് കുളത്തുങ്കല്‍ പന്തലിലേക്കും തുടര്‍ന്ന് ടൗണ്‍ കപ്പേള ചുറ്റി ആശ്രയമാതാ കപ്പേളയിലേക്കും തിരുനാള്‍ പ്രദക്ഷിണവും നടന്നു.

      ജനുവരി 9 ഞായറാഴ്ച്ച രാവിലെ 10.00-ന്  ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രസംഗവും ഫാ. മാത്യു കവളംമാക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്നുനടന്ന ആശ്രയമാതാ കപ്പേളചുറ്റിയുള്ള പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും നൂറുകണക്കിനു വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കുചേര്‍ന്നു. വൈകിട്ട്  7 - ന് ഓച്ചിറ സരിഗ  അവതരിപ്പിച്ച "നല്ലവരുടെ സ്വപ്നം" എന്ന  നാടകവും ഉണ്ടായിരുന്നു.  
   


3000-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത സ്നേഹവിരുന്ന് പൂഞ്ഞാര്‍ ഗ്രാമത്തിന്റെ കൂട്ടായ്മയുടെ നേര്‍ക്കാഴ്ച്ചയായിരുന്നു..









പ്രദക്ഷിണവീഥി അലങ്കാര മത്സരത്തിലെ ചില കാഴ്ച്ചകള്‍ 













 

Site Info

Followers

POONJAR NEWS Copyright © 2009 Blogger Template Designed by Bie Blogger Template