Thursday, January 20, 2011

ഊട്ടുപുരയാണു താരം .. 'പഴയിടവും..'


കോട്ടയം: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത് 17 വേദികളിലാണെങ്കിലും ദിവസവും ഈ വേദികളെല്ലാം മറ്റൊരിടത്ത് സംഗമിക്കുന്നു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍.
എല്ലാ വേദികളില്‍ നിന്നും മത്സരാര്‍ത്ഥികളും അദ്ധ്യാപകരും ജഡ്ജസും മാധ്യമ പ്രവര്‍ത്തകരും ക്രമസമാധാന പാലകരും , ദിവസം മൂന്നു പ്രാവിശ്യമെങ്കിലും ഇവിടെ എത്തിച്ചേരുന്നു. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കുന്നവരുടെ എണ്ണം 15,000 - നും 16,000 -നും ഇടയില്‍. പ്രാതലിന്റെയും അത്താഴത്തിന്റെയും കാര്യത്തിലും വലിയ മാറ്റങ്ങളില്ല. ഭക്ഷണമൊരുക്കുന്നവരും അത് വിളമ്പി സജ്ജീകരിക്കുന്നവരും ഒരു പോലെ അഭിനന്ദനമര്‍ഹിക്കുന്നു.
        ഭക്ഷണവിതരണത്തിനായി നെഹ്റു സ്റ്റേഡിയത്തില്‍ രണ്ടു പന്തലുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു പന്തല്‍ പൂര്‍ണ്ണമായും മത്സരാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി തയ്യാറാക്കിയിരിക്കുന്നുവെങ്കില്‍ രണ്ടാം പന്തല്‍ V.I.P.പന്തലാണ്. വിശിഷ്ടാതിഥികള്‍, ജഡ്ജസ്, മാധ്യമപ്രവര്‍ത്തകര്‍, ക്രമസമാധാന പാലകര്‍ തുടങ്ങിയവരാണ് ഇവിടെ ഭക്ഷണത്തിനായി എത്തുന്നത്. ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ രണ്ടു പന്തലുകളുടെയും മധ്യത്തില്‍ പാചകപ്പുരയും കലവറയും പ്രവര്‍ത്തിയ്ക്കുന്നു.
        കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഊട്ടുപുരയുടെ പ്രധാന ചുമതലക്കാരനാണ് പഴയിടം മോഹനന്‍ നമ്പൂതിരി.
പഴയിടം മോഹനന്‍ നമ്പൂതിരി
കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയായ ഇദ്ദേഹം , ഇത്തവണ സ്വന്തം നാട്ടില്‍ സദ്യ ഒരുക്കുവാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കലോത്സവത്തിന്റെ രണ്ടാം ദിവസമാണ് പൂഞ്ഞാര്‍ ന്യൂസ് റിപ്പോര്‍ട്ടമാര്‍ അദ്ദേഹത്തെ  കണ്ടുമുട്ടിയത്.  ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഊട്ടുപുര ഭംഗിയായി പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുകാണാമായിരുന്നു. വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര.
ഭക്ഷണം കഴിച്ചിറങ്ങുന്നവരുടെ മുഖത്തു ഈ സന്തോഷം ഉളവാക്കുവാന്‍ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
   
      ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍ക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രാവിലെ 11-ന് ആരംഭിക്കുന്ന ഉച്ചഭക്ഷണ വിതരണം വൈകുന്നേരം 4 മണിവരെ തുടരുമ്പോള്‍ ഒരിയ്ക്കല്‍ പോലും തിരക്കുണ്ടാകാത്ത വിധം 16,000 ആളുകള്‍ ഇവിടെ ഭക്ഷണം കഴിച്ചിറങ്ങുന്നു എന്നത് ഇവരുടെ ചിട്ടയായ പ്രവര്‍ത്തനമികവിന്റെ തെളിവാണ്. അതെ.... ഇവിടെ ഊട്ടുപുരയാണ് താരം......പഴയിടവും....

0 comments:

Post a Comment

 

Site Info

Followers

POONJAR NEWS Copyright © 2009 Blogger Template Designed by Bie Blogger Template